കൊച്ചി: സര്‍ക്കാര്‍ പുറത്തിറക്കിയ ജെ.ബി. കോശി കമ്മീഷന് ക്രൈസ്തവ പഠനറിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും തുടര്‍നടപടികളെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടില്‍ അഭിപ്രായങ്ങള്‍ ക്ഷണിക്കാനും നടത്തിപ്പിനായി മേല്‍നോട്ടസമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് യാതൊരു നടപടികളുമുണ്ടാകില്ലെന്ന് വളരെ വ്യക്തമാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷന് ശിപാര്‍ശകള്‍ പലതും ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ തള്ളിക്കളഞ്ഞിരിക്കുന്നതും ഗൗരവമായി കാണണം. പഠനറിപ്പോര്ട്ടിന്മേല് എന്തു തുടര്‍നടപടിയെടുക്കുമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളും മുന്നണികളും വ്യക്തമാക്കുകയും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.